2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം

ഇന്നലെ വരെ
സ്കൂള്‍ കൊമ്പൌണ്ടുകളില്
‍കുട്ടികള്‍ക്കൊപ്പംപന്തു കളിച്ചു നടന്നിരുന്ന ഗ്രേഡിങ്ങ്
ഇന്നു കാലത്താണ്കോളേജിന്റെ
പടികയറി വന്നത്;
ക്രെഡിറ്റു തൊപ്പിയും
സെമസ്റ്റര്‍ കുപ്പായവുമണിഞ്ഞ്

കനത്തു പെയ്ത മഴയില്
‍അപരിചിതത്വത്തിന്റെ
കുടപിടിച്ചെത്തിയ ചങ്ങാതിയെ കണ്ടു
കുട്ടികള്‍ കൌതുകം പൂണ്ടു
അധ്യാപകര്‍ അമ്പരന്നു
കളിയും ചിരിയും തമാശയുമായി
ക്ലാസ്മുറിയില്‍ കയറിയ ഗ്രേഡിങ്ങ്
പാഠ്യവട്ടത്തുനിന്നും കര്‍ക്കശക്കാരനായ അധ്യാപകനെ
ചവിട്ടിപ്പുറത്താക്കി
ചോദ്യപേപ്പറുകളില്‍ നിന്നും
ഉത്തരക്കടലാസ്സുകളില്‍നിന്നും
മാര്‍ക്കുകള്‍ ചുരണ്ടി മാറ്റി
ഗ്രേഡുകള്‍ നിറച്ചു വെച്ചു
A..B..C..D..

കടല്‍പ്പരപ്പിലേക്കു ങ്ങിക്കുളിക്കാന്‍പോയ
പാര്‍ട്ട് വണ്‍ ഇംഗ്ലീഷും
ഹോസ്റ്റലിലേക്കു ചായകുടിക്കന്‍ പോയ
സെക്കന്റ് ലാംഗ്വേജുമെല്ലാം
തിരിച്ചെത്തിയപ്പോള് രജിസ്റ്ററില്‍
പേരു മാറിപ്പോയിരിക്കുന്നു
കോമണ്‍ കോഴ്സ്
ഇംഗ്ലിഷ്, ഹിന്ദി, അറബി, മലയാളം....
എല്ലാവരും ഒറ്റ ബെഞ്ചില്‍ കുത്തിയിരുന്നു

ഒന്നുമുറുക്കിത്തുപ്പാനും
മൂത്രമൊഴിക്കാനുമൊക്കെയായി
ഇടവേളയ്ക്ക് പുറത്തിറങ്ങിപ്പോയ
മെയ്നിനും സബ്സിഡറിക്കുമെല്ലാം
അസ്തിത്വം നഷ്ടമായി
കോര്‍ കോഴ്സ്,
കോംപ്ലിമെന്‍റ്ററി കോഴ്സ്
എത്ര തവണ പേരു വിളിച്ചിട്ടും
ഹാജര്‍ പറയുവാന്‍ എന്തോ വല്ലായ്മ
ഓപ്പണ്‍ കോഴ്സ്
ഇതര ഡിപ്പാര്‍ട്ടുമെന്‍റ്റുകളിലേക്ക്
തുറന്നിട്ട വാതായനം
കുട്ടികള്‍ക്കു ഇഷ്ടമുള്ള ഡിപ്പാര്‍ട്ടുമെന്‍റ്റില്‍ നിന്നും
ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള
അനന്ത സാധ്യത...!
ക്ലാസ്മുറിയിലെ പുതിയ മാറ്റം
ഏവര്‍ക്കും രസിച്ചു
മറ്റൊന്നും നോക്കിയില്ല
ഒന്നാമത്തെ ദിനം തന്നെ
അവന്‍ അവളേയും
അവള്‍ അവനേയും ചൂസ് ചെയ്തു
തെരഞ്ഞെടുപ്പിന്റെ സാധ്യതയെ
പ്രയോഗവത്കരിച്ചവര്‍ക്ക്
എങ്ങനെ ഗ്രേഡുനല്‍കാതിരിക്കാനാവും?
എന്നിട്ടും
ഒരു സംശയം ബാക്കിയായി
എന്താ മാഷേ... ഈ 'ക്രെഡിറ്റ്'?
‘കിട്ടാക്കടം'അല്ലാതെന്താ...?